കുന്നില്‍ നിന്നും ഉരുണ്ട് വരുന്ന ബലൂണ്‍ അതിനുള്ളില്‍ ഒരു കാര്‍

വായു ബലൂണില്‍ തലകുത്തി മറിയുന്ന നിസ്സാന്‍ നോട്ട്‌

 

പച്ചപ്പട്ടുവിരിച്ച കുന്നിന്‍ ചെരുവിലൂടെ ഉരുണ്ടുവരുന്ന ഭീമാകാരനായൊരു
വായു ബലൂണ്‍. ബലൂണിനകത്തോ, ഒരു ടണ്ണിലേറെ ഭാരം വരുന്ന നിസ്സാന്റെ ഫാമിലി
കാര്‍ ശ്രേണിയിലെ നോട്ടും. അമ്പരക്കേണ്ട, സംഗതി ഉള്ളതു തന്നെ. നിസ്സാന്‍
നോട്ട് യൂറോപ്പിലെത്തി ഒരു വര്‍ഷമാകുന്നതിനോട് അനുബന്ധിച്ചാണ് കമ്പനി
ഇത്തരമൊരു പ്രചരണ പരിപാടി സംഘടിപ്പിച്ചത്.

സോര്‍ബിങ്‘ (Zorbing) നമ്മുടെ നാട്ടില്‍ അത്ര പ്രചാരമുള്ള കാര്യമല്ല.
വായു നിറച്ച് വീര്‍പ്പിക്കുന്ന വമ്പന്‍ ബലൂണില്‍ കയറി ഉയരമുള്ള
കുന്നുകളിലും മറ്റും നിന്ന് താഴേക്ക് ഉരുണ്ടു വരുന്ന സാഹസിക വിനോദ
പരിപാടിയാണിത്. നോട്ടിനായി നിസ്സാന്‍ സംഘടിപ്പിച്ചത് ലോകത്തെ ഏറ്റവും
വലിയ സോര്‍ബിങ് ആണ്.

കാര്‍സോര്‍ബ്‘ (Carzorb) എന്നായിരുന്നു നിസ്സാന്‍ പരിപാടിയ്ക്ക്
പേരിട്ടിരുന്നത്. രണ്ടു പാളികളുള്ള ബലൂണാണ് സോര്‍ബിങ്ങിനായി
ഉപയോഗിക്കുന്നത്. പുറത്തെ പാളിയ്ക്ക് പുറമേ ഉരുണ്ടു വരുമ്പോള്‍
ക്ഷതങ്ങളില്‍ നിന്ന് രക്ഷിക്കാനായി അകത്തൊരു ബലൂണ്‍ കൂടി ഉണ്ടാകും.
ഇതിനുള്ളിലാണ് കാര്‍ സ്ഥാപിക്കുന്നത്. ആറു മീറ്റര്‍ വ്യാസവും 18 മീറ്റര്‍
ചുറ്റളവുമുള്ള ബലൂണാണ് സംഭവം.

ഉപയോക്താക്കള്‍ക്ക് പരമാവധി സുരക്ഷ നല്‍കാനുതകുന്ന സാങ്കേതിക തികവോടെയാണ്
നിസ്സാന്‍ നോട്ടിന്റെ നിര്‍മ്മിതി. ഇതിന്റെ അതുല്യമായ സേഫ്റ്റി ഷീല്‍ഡ്ടെക്‌നോളജിയെ കുറിച്ച് ഉപയോക്താക്കളെ ഓര്‍മപ്പെടുത്തുക എന്ന
ലക്ഷ്യത്തോടു കൂടിയാണ് കാര്‍സോര്‍ബ് സംഘടിപ്പിച്ചത്- നിസ്സാന്‍
മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ബാസ്റ്റീന്‍ സ്ഷപ്പ് പറയുന്നു. സേഫ്റ്റി
ഷീല്‍ഡ് ടെക്‌നോളജി കാറിനു ചുറ്റും ഒരു സുരക്ഷാ കവചമായി
പ്രവര്‍ത്തിക്കുന്നു എന്നതിന്റെ പ്രതീകമായാണ് സോര്‍ബിങ് നടത്തിയതെന്നും
സ്ഷിപ്പ് കൂട്ടിച്ചേര്‍ത്തു.

സുരക്ഷിതമായ ഡ്രൈവിങ് ലക്ഷ്യമാക്കി നിരവധി സംവിധാനങ്ങള്‍
സന്നിവേശിപ്പിച്ചാണ് നിസ്സാന്‍ തങ്ങളുടെ ഫാമിലി കാര്‍
തയ്യാറാക്കിയിരിക്കുന്നത്. ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ബ്ലൈന്‍ഡ്
സ്‌പോട്ട് വാണിങ് തുടങ്ങിയ മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്കൊപ്പഗ മൂവിങ്
ഒബ്ജക്റ്റ് ഡിറ്റക്ഷന്‍ സങ്കേതവും നോട്ടിലുണ്ട്. ഇതിനായി 360 ഡിഗ്രീ വ്യൂ
മോണിട്ടറും സെല്‍ഫ് ക്ലീനിങ് റിയര്‍ ക്യാമറയും കാറിലുണ്ട്.

ഒരു അഭിപ്രായം ഇടൂ