ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയും ജ്യൂസ്‌ ഉണ്ടാക്കുന്ന വിധവും

നന്നയി പഴുത്ത ഡ്രാഗണ്‍ ഫ്രൂട്ട് ഒന്ന്
പഞ്ചസാര രണ്ടു ടേബിള്‍ സ്പൂണ്‍
ഐസ് ഒരു ചെറിയ കട്ട
വെള്ളം 2 ഗ്ലാസ്സ്
ഏലക്കായ് 1 എണ്ണം

നന്നയി പഴുത്ത ഡ്രാഗണ്‍ ഫ്രൂട്ട് തൊലി മാറ്റിയശേഷം ചെറു കഷണങ്ങളായി അരിഞ്ഞെടുക്കുക. അതിനുശേഷം പഞ്ചസാരയും ഐസും ഏലക്കായും വെള്ളവും ചേര്‍ത്ത് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ഡാഗണ്‍ ഫ്രൂട്ട് ജ്യൂസ് തയ്യാര്‍.

വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് (Dragon fruit) അഥവാ പിത്തായപ്പഴം (Pitaya) ഇപ്പോള്‍ ഇന്ത്യയിലും കൃഷിചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.. കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പടര്‍ന്നു വളരുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. രൂപഭംഗികൊണ്ട് മനോഹരമായ ഈ പഴത്തിന്റെ ഉള്ളിലുള്ള മാസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. മെക്‌സിക്കോയും മദ്ധ്യദക്ഷിണ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശങ്ങലെങ്കിലും  ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കു കിഴക്കന്‍ ഏഷ്യ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമാണ് വിപണിയിലെ പ്രധാന ഉത്പാദകര്‍. ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഈ പഴത്തിന് ഡയബെറ്റിസ്, കൊളസ്‌ട്രോള്‍, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഡ്രാഗണ്‍ ഫ്രൂട്ട്, വിപണിയില്‍ ലഭ്യമായ പലതരം ജാം, ജ്യൂസ്, കാന്‍ഡി, വൈന്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു.

പ്രധാനമായും മൂന്നു തരത്തിലുള്ള പിത്തായ പഴങ്ങളില്‍ ഏറ്റവും സാധാരണയായി കാണുന്നത് ഹൈഡ്രോസീറസ് അണ്ഡാറ്റസ് എന്ന ചുവപ്പന്‍ ഡ്രാഗണ്‍ ഫ്രൂട്ടാണ്, ചുവന്ന തൊലിയുള്ള ഇതിന്റെ ഉള്‍ഭാഗം വെളുത്താണ്. ഹൈഡ്രോസീറസ് കോസ്റ്റാറിസെനെസിസ് (കോസ്റ്ററിക്കന്‍ പിത്തായ) എന്ന ഇനത്തിന്റെ തൊലിയും ഉള്‍ഭാഗവും ചുവപ്പാണ്. ഹൈഡ്രോസീറസ് മെഗലാന്തസ് (മഞ്ഞപ്പിത്തായ) എന്ന ഇനത്തിന്റെ തൊലി മഞ്ഞയും ഉള്‍ഭാഗം വെളുപ്പുമാണ്.

വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന ഇവയുടെ പ്ലാന്‍റ് നട്ട് പന്ത്രണ്ട് വര്‍ഷത്തിലാണ് കായ്കള്‍ ഉണ്ടാക്കുവാന്‍ തുടങ്ങുക. അതിവര്‍ഷമില്ലാത്ത ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഡ്രാഗണ്‍ പഴത്തിന്റെ കൃഷിക്കു ചേരുന്നത്. ചൂടുള്ള കാലാവസ്ഥയും ജൈവാംശം ഉള്ള മണല്‍മണ്ണുമാണ് ഡ്രാഗണ്‍ ഫ്രൂട്ട്  വളര്‍ത്തുവാനുള്ള ഉത്തമമായ സാഹചര്യം. കൂടാതെ ആവശ്യത്തിന് ജലം ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. അഞ്ച് മുതല്‍ ഏഴ് വരെയുള്ള നിലയിലായിരിക്കണം മണ്ണിന്റെ അമ്ലക്ഷാരാംശം. ഒരേക്കറില്‍ 1700 ഓളം ചെടികള്‍ നടാം. ഒരു ചെടിയില്‍നിന്നും എട്ട് മുതല്‍ പത്തുവരെ കായ്കള്‍ ലഭിക്കും. ഒരു ഫലത്തിന് 450 ഗ്രാം വരെ തൂക്കം ഉണ്ടാകും. വിപണിയില്‍ ഇപ്പോള്‍ ഈ പഴത്തിനു കിലോയ്ക്ക് 200 മുതല്‍ 300 വരെ വില ലഭിക്കുന്നുണ്ട്.

ndf1

പിത്തായ കൃഷിക്കായി മണ്ണ് നന്നായി കിളച്ചു ജൈവവളം ചേര്‍ത്ത് ഒരുക്കാം. മണ്ണിന്റെ രാസഘടന പരിശോധിച്ചതിനു ശേഷം ആവശ്യമെങ്കില്‍ മറ്റ് മൂലകങ്ങള്‍ ചേര്‍ത്ത് കൊടുക്കുന്നത് നല്ലതാണ്. ചാണകപ്പൊടിയും കോഴിക്കാരവുമാണ് ഇതിന്റെ പ്രധാന ജൈവവളം. മണ്ണൊരുക്കിയതിന് ശേഷം 60 സെ. മീ നീളം, വീതി, താഴ്ച എന്ന അളവില്‍ കുഴിയെടുക്കണം, ശേഷം മേല്‍മണ്ണും തയ്യാറാക്കി വെച്ചിരിക്കുന്ന വളവും നന്നായി ഇളക്കി ചേര്‍ത്ത് കുഴി നിറക്കണം. കുഴികള്‍ തമ്മില്‍ ഏഴ് അടിയും വരികള്‍ തമ്മില്‍ ഒമ്പത് അടിയും വ്യത്യസത്തില്‍ വേണം ചെടികള്‍ നടാന്‍. ചെടി വളര്‍ന്നു തുടങ്ങിയാല്‍ പടര്‍ന്നു കയറാനായി ഏഴ് അടിയെങ്കിലും നീളം വരുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കണം. തുടര്‍ന്ന് ഓരോ തൂണുകള്‍ക്കും മുകളിലായി ക്രോസ്സ് ബാറിലോ ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയര്‍ സ്ഥാപിക്കണം. തൂണിനു മുകള്‍ഭാഗം വരെ വളര്‍ന്നെത്തിയ ചെടികള്‍ ഈ ടയറുകള്‍ക്കുള്ളിലൂടെ വളര്‍ന്ന് വരത്തക്കവിധം ഇതിനുള്ളിലൂടെ ബന്ധിക്കണം. വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു താഴേക്ക് തൂങ്ങുന്ന വിധത്തിലായിരിക്കണം ചെടി പടര്‍ത്തേണ്ടത്. ഓരോ തൂണിലും രണ്ടു തൈകള്‍ വീതം നടാവുന്നതാണ്.

201501060025t0001

മറ്റുവിളകളെ അപേക്ഷിച്ചു ജലസേചനം കുറച്ച് മതിയെങ്കിലും വേനല്‍ക്കാലത്ത് ചെടികളില്‍ മതിയായ ജലം എത്തിക്കാന്‍ ശ്രമിക്കണം ഇതിനായി ഡ്രിപ് ഇറിഗേഷന്‍ രീതി അനുവര്‍ത്തിക്കാം. കരുത്തുള്ള മാതൃസസ്യത്തിന്റെ കാണ്ഡമാണ് പുതിയ സസ്യങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഇതിനായി കാണ്ഡഭാഗം 20 സെന്‍റീമീറ്റര്‍ നീളത്തില്‍ മുറിച്ച് പോട്ടിംഗ് മിക്‌സ്ച്ചറില്‍ വളര്‍ത്തിയെടുക്കാം. വിത്തുകളെ ചുറ്റുമുള്ള മാസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ചും പുതിയ ചെടികള്‍ മുളപ്പിക്കാം. നന്നായി പാകമായ പഴങ്ങളില്‍ നിന്നുവേണം വിത്തുകള്‍ ശേഖരിക്കാന്‍. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികള്‍ക്കുള്ള മണ്ണുമിശ്രിതത്തിലോ മുളപ്പിച്ചെടുക്കാം. വിതച്ച് 11 മുതല്‍ 14 വരെ ദിവസങ്ങള്‍ക്കകം വിത്തുകള്‍ മുളക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് ചെടികളില്‍ പൂക്കള്‍ ഉണ്ടാകുന്നത് ഡിസംബര്‍ ആകുമ്പോയേക്കും കായ്കള്‍ മൂത്ത് പാകമെത്തും. രാത്രിയില്‍ വിടരുന്ന പൂക്കളില്‍ വവ്വാല്‍, രാത്രിശലഭങ്ങള്‍ തുടങ്ങിയ നിശാജന്തുക്കള്‍ വഴിയാണ് പരാഗണം നടക്കുന്നത്. സാഹചര്യങ്ങള്‍ അനുസരിച്ച്, വര്‍ഷത്തില്‍ മൂന്നു മുതല്‍ ആറുവരെ പ്രാവശ്യം ഈ ചെടി പുഷ്പിക്കുന്നു. പൂവിട്ട് 30 മുതല്‍ 50 ദിവസങ്ങക്കകം ഫലം പാകമാകുന്നു. ആണ്ടില്‍ അഞ്ചോ ആറോ തവണ വിളവെടുപ്പുകള്‍ സാധ്യമാണ്.

(ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ രേഖപ്പെടുത്താം.)

ഡ്രാഗണ്‍ ഫ്രൂട്ട്

അലങ്കാരസസ്യമായി കള്ളിച്ചെടികള്‍ വളര്‍ത്താറുണ്ടെങ്കിലും പഴങ്ങള്‍ക്കായി വളര്‍ത്തുന്നത് അപൂര്‍വമാണ്. ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരുന്ന കള്ളിച്ചെടിയുടെ ഇനത്തിലെ ‘ഡ്രാഗണ്‍ ഫ്രൂട്ടി’ ന് നാട്ടില്‍ ഇനിയും കാര്യമായി പ്രചാരം ലഭിച്ചിട്ടില്ല.

ചെറിയമുള്ളുകളോടെ വള്ളിപോലെ കാണുന്ന ഇവയില്‍ ഇലകള്‍ കാണാറില്ല. തണ്ടില്‍ ജലം ശേഖരിച്ചു വയ്ക്കുന്ന സ്വഭാവമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് മരങ്ങളിലോ, മതിലിലോ വേരുകള്‍ പിടിച്ച് വളരും. ധാരാളം ശാഖകള്‍ താഴേക്ക് ഒതുങ്ങിയ നിലയില്‍ കാണാം. ഇവയുടെ അഗ്രഭാഗത്തായി വിരിയുന്ന പൂക്കള്‍ രാത്രിയില്‍ കാണപ്പെടുന്നു. കായ്കള്‍ പാകമാകുമ്പോള്‍ റോസ് നിറം പ്രാപിക്കും. മധുരവും ഇളം പുളിയും കലര്‍ന്ന സ്വാദുള്ള പഴങ്ങള്‍ കാഴ്ചക്കും മനോഹരമാണ്.

വൈറ്റമിന്‍, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ദഹനത്തെ സഹായിക്കുന്ന ഇവയ്ക്ക് മലേഷ്യ, തായ്്‌ലാന്‍ഡ്, വിയറ്റ് നാം തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡാണുള്ളത്.

മൂപ്പെത്തിയ വള്ളികള്‍ മുട്ടുകളോടെ മുറിച്ച് മണല്‍ നിറച്ച ചെറുകവറുകളില്‍ നട്ടുവളര്‍ത്തി ഒരു വര്‍ഷം പരിചരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തികൃഷി ചെയ്യാം. അമിതമായി ജലസേചനം നല്‍കിയാല്‍ ഇവ നശിച്ചുപോകാന്‍ സാധ്യതയുണ്ട്. കാര്യമായി പരിചരണം ആവശ്യമില്ലെങ്കില്‍ തന്നെ വേരുകളുടെ സാമീപ്യമുള്ളിടത്ത് ചാണകപ്പൊടി ചേര്‍ക്കുന്നത് വളര്‍ച്ച ത്വരിതപ്പെടും. വലിയ ചെടിച്ചട്ടികളില്‍ പോലും ഡ്രാഗണ്‍ ഫ്രൂട്ട് വളരും

Courtesy: Mathrubhumi

3 thoughts on “ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയും ജ്യൂസ്‌ ഉണ്ടാക്കുന്ന വിധവും

  1. ഡ്രാഗണ്‍ ഫ്രൂട്ട് പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത് ഇപ്പോഴാണ്. വിവരങ്ങള്‍ പങ്കു വച്ചതിന് വളരെയധികം നന്ദി.

    Like

ഒരു അഭിപ്രായം ഇടൂ